Friday, August 25, 2017

മാര്‍ക്സിസം ഒരു അന്ധവിശ്വാസം



കാലഘട്ടത്തിനനുസരിച്ച് മാറ്റത്തിന് വിധേയമാകാത്ത എഴുതിവയ്ക്കപ്പെട്ട ഏതു തരം പ്രമാണങ്ങളും, വിശ്വാസങ്ങളും അതെന്തു തന്നെയായാലും എത്ര ഉദാത്തമെന്നു വാഴ്ത്തിയാലും അന്ധവിശ്വാസം തന്നെയാണ്. വിശ്വാസപ്രമനങ്ങളൊന്നും തന്നെ ശാസ്ത്രീയമല്ലെന്നത് തര്‍ക്കവിഷയമേയല്ല.ഓരോരോ കാലഘട്ടത്തിനനുസരിച്ച് രാഷ്ട്രീയവും,സാമൂഹികവുമായ വിശ്വാസങ്ങളും, പ്രത്യയശാസ്ത്രങ്ങളും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ അങ്ങനെതന്നെ മുറുക്കെപിടിക്കുകയും, ലോകാവസാനം വരേയ്ക്കും വേണ്ടിയുള്ളതെന്ന ധാരണ അസംബന്ധം തന്നെയെന്ന്‍  ശാസ്ത്രീയമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും.

മാറ്റമില്ലാത്തത് ഒന്നേയുള്ളൂ അതാണ്‌ മാറ്റം എന്ന്‍ മാര്‍ക്സ് തന്നെ പറഞ്ഞിട്ടുള്ളതാണ്. മാറാതെ നില്‍ക്കുന്നതൊന്നും തന്നെ പരിണാമസിദ്ധാന്തത്തിനു പോലും അംഗീകരിക്കാനാവില്ല. നമ്മുടെ സമൂഹവും, നമ്മളോരോരുത്തരും തന്നെ എത്രയോ പരിണാമ ദശകള്‍ പിന്നിട്ടാണ് ഇവിടെത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു സിദ്ധാന്തത്തിനോ, പ്രമാണങ്ങള്‍ക്കോ, വിശ്വാസങ്ങള്‍ക്കോ പിടിച്ചുകെട്ടാനാകുമായിരുന്നില്ല.

സമൂഹത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ടാണ്. വൈവിധ്യമാണ് സമൂഹത്തിന്‍റെ വളര്ച്ചയ്ക്കാവശ്യം. ഓരോ മനുഷ്യനും, ജീവജാലങ്ങളെല്ലാം തന്നെ വ്യത്യസ്ത സ്വഭാവ വിശേഷങ്ങളും, ശക്തിവിശേഷങ്ങള്‍ ഉള്ളവയും ആണ്.പ്രകൃതിയുടെ സ്വഭാവം തന്നെ വൈവിധ്യങ്ങളിലധിഷ്ടിതമാണ്. പൂര്‍ണതയുള്ള സമൂഹമെന്നത് എല്ലാത്തരം വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. മാര്‍ക്സിസം എന്ന സങ്കല്പം തന്നെ എല്ലാവരും ഒരുപോലെയെന്നതാണ്.അതൊരിക്കലും നടക്കാത്ത സങ്കല്പം തന്നെയാണ്. എങ്ങനെയാണ് എല്ലാവരും ഒരു പോലെയാകുക.ആരോഗ്യപരമായും, വിദ്യാഭ്യാസപരമായും, ചിന്താപരമായും, ഭാവനാപരമായും, സാമ്പത്തികപരമായും വിവിധങ്ങളായ വ്യക്തിത്വങ്ങള്‍ തന്നെയാണ് ഓരോരുത്തരും.അങ്ങനെയെങ്കില്‍ മാത്രമേ അതിജീവനം സാധ്യമാകുകയുള്ളു അല്ലെങ്കില്‍ ഒരു മൃതസമൂഹമാകില്ലേ..?.

സമ്പത്ത് അല്ലെങ്കില്‍ വിഭവങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പക്ഷെ അതിന് നിയന്ത്രണം കൊണ്ടുവരികയെന്നത് പ്രകൃതി വിരുദ്ധതയാണ്. അങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ആത്മഹത്യാപരമാണ്. മാര്‍ക്സിസത്തിന്റെ കാതല്‍ തന്നെ വിഭവ നിയന്ത്രണമാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ അവയുടെ തന്നെ അന്ത:ചിദ്രതയ്ക്ക് കാരണമാകും. ഇത് തന്നെയാണ് അത് തുടങ്ങിവച്ച സമൂഹങ്ങളിലും സംഭവിച്ചത് അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ മറ്റൊരു രൂപമാണ് ഏകാധിപത്യവും,സ്വേച്ഛാധിപത്യവും. ഇത് രണ്ടും ആധുനിക സമൂഹത്തിന് ഭൂഷണമല്ല. ഇത്തരത്തിലുള്ള സമൂഹങ്ങള്‍ ലോകത്ത് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്.


No comments:

Post a Comment