Saturday, September 9, 2017

മനുഷ്യന്‍റെ അറിവും, മറ്റ് ജീവജാലങ്ങളുടെയും....



അറിവ് എന്ന പദം അത് സൂചിപ്പിക്കുന്നത് പോലെ ആര്‍ജിച്ചെടുത്തവ എന്നത് തന്നെയാണ്. ഒരോരുത്തരുടേയും അറിവ് എന്നത് അവരുടെ കുത്തകയല്ല. അവരവരുടെ ചുറ്റുപാടുകളില്‍ നിന്നും ആര്‍ജിച്ചെടുത്തവയാണ്. അനുഭവങ്ങള്‍ ആണ് അവന്‍റെ അറിവുകളുടെ ഏറിയ പങ്കും. സമൂഹത്തിന്‍റെ സൃഷ്ടിയാണ് അറിവ്. മനുഷ്യന്‍റെ സാമൂഹ്യ ജീവിതാരംഭത്തോടെയാണ് അവന്‍റെ അറിവ് വികസിക്കാനും, കൈമാറ്റം ചെയ്യാനും തുടങ്ങിയത്.എല്ലാ ജീവികള്‍ക്കും പ്രകൃതിയില്‍ നിന്ന്‍ ആര്‍ജിച്ചെടുത്ത അറിവുകളാണ് അവയുടെ അതിജീവനത്തിനുതകുന്നത്.

തലമുറകളായി ആര്‍ജിച്ചെടുത്ത അറിവുകള്‍ നമ്മുടെ ബ്രെയിന്‍ സ്റ്റെമ്മില്‍ (brain stem) കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.അവ നമ്മുടെ ജീവി വര്‍ഗ്ഗത്തിന്റെ അതിജീവനത്തിന്‍റെ അറിവുകളാണ്. നമ്മുടെ അനൈച്ചിക ( involuntary ) പ്രവര്‍ത്തനങ്ങളായ ശ്വാസോച്ച്വാസം, ഹൃദയമിടിപ്പ്‌ തുടങ്ങിയ ഒട്ടേറെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇതില്‍പ്പെടുന്നു. കൂടാതെ കരുണ, ദയ, ദേഷ്യം, വാശി, ഭയം മുതലായവയൊക്കെ ഇതില്‍പ്പെടുന്നു. നമ്മുടെ ബോധം പോലും നാം ആര്‍ജിച്ചെടുത്ത അറിവ് തന്നെയാണ്.

ഓരോ ജീവിവര്‍ഗ്ഗങ്ങള്‍ക്കും അതിന്‍റേതായ സവിശേഷ കഴിവുകളാണ്  ഉള്ളത് . പക്ഷികള്‍ക്ക് പറക്കാന്‍ കഴിയുന്നത്. മനുഷ്യന് ഇരുകാലില്‍ നടക്കാന്‍ കഴിയുന്നത്, വാവലുകള്‍ക്ക് അള്‍ട്രാസോണിക് സൌണ്ട് ഉപയോഗിച്ച് ഇരുട്ടില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഇവയെല്ലാം അവയ്ക്ക് അതിജീവിച്ചതിന്റെ ഫലമായി തലമുറകളായി പകര്‍ന്നു കിട്ടിയതാണ്. മനുഷ്യ സംസ്കാരം തന്നെ ഇത്രയും വളര്‍ന്നത് ഈ അറിവ് കൈമാറി വന്നത് കൊണ്ട് തന്നെയാണ്.

മനുഷ്യന്‍റെ അറിവ് മഹത്തരമായതെന്നാണ് എല്ലാ മനുഷ്യരുടെയും ധാരണ. പക്ഷെ മനുഷ്യരേക്കാള്‍ അറിവിലൂടെ പരിണമിച്ച എത്രയോ ജീവ ജാലങ്ങള്‍ ഉണ്ട്. നമുക്കില്ലാത്ത എത്രയോ ഉന്നതവും, ഉദാത്തവുമായ കഴിവുകള്‍ ആണ് അവര്‍ക്കുള്ളത്. പക്ഷെ നമുക്ക് അതങ്ങനെയങ്ങോട്ട്  അംഗീകരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടാണ്. നമ്മുടെ perspective-ല്‍ നമ്മള്‍ ചന്ദ്രനില്‍ പോയി, നമുക്ക് കൃത്രോമാപഗ്രഹങ്ങള്‍ ഉണ്ട്, നമുക്കുള്ള പ്രപഞ്ച വിജ്ഞാനം വേറെ ഏതു ജീവിവര്‍ഗ്ഗത്തിനുണ്ട്? അങ്ങനെയല്ലേ ?. നമ്മള്‍ നേടിയെടുത്ത ഈ അറിവുകള്‍ നമ്മള്‍ മനുഷ്യര്‍ക്കിടയില്‍ exchange ചെയ്ത് നാം തന്നെ സ്വയം അപഗ്രഥിക്കുന്നു. നമ്മുടെയെല്ലവരുടെയും വീക്ഷണകോണുകളും, ഗ്രാഹ്യശേഷിയും ഏകദേശം ഒന്ന് തന്നെയല്ലേ.

നമുക്ക് ഗ്രാഹ്യമല്ലാത്ത, ഗോചരമല്ലാത്ത , ദൃശ്യപ്രപഞ്ചവും , അദൃശ്യ പ്രപഞ്ചവും നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവിന്‍റെ പരിധിയ്ക്ക് അനുസരിച്ചാണ്. അതിന്‍റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ളതാണ് നമ്മുടെ എല്ലാ അറിവുകളും, അല്ലെങ്കില്‍ ഇനി നമുക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്നത്‌ പോലും.പക്ഷെ , നമ്മുടെ ഗ്രഹണ ശേഷിയുടെ എത്രയോ മടങ്ങ്‌ വലുതായിരിക്കും മറ്റ്  ഏതെങ്കിലും ജീവിജാലങ്ങളുടെ . അവര്‍ക്ക് അനുഭവവേദ്യമാകുന്ന ദൃശ്യ പ്രപഞ്ചമാകില്ല നമ്മുടേത്. നാം ധരിച്ചു വെച്ചിരിക്കുന്ന അറിവുകള്‍ എത്രയോ നിസാരമായിരിക്കും അവരേ  സംബന്ധിച്ചിടത്തോളം. നാം ഒരു പുതിയ കാര്യം  പഠിക്കാനോ , അറിയാനോ ശ്രമിക്കുമ്പോള്‍ നമുക്ക് നേരത്തെ അറിയാവുന്ന ( മുന്‍ധാരണ ) ഏതെങ്കിലും ഒന്നില്‍ കൂടി മാത്രമേ നമുക്ക് ആ പുതിയ അറിവിനെ സ്വീകരിക്കാന്‍ കഴിയൂ. അത് നമ്മുടെ അറിവിന്‍റെ ഒരു പോരായ്മയല്ലേ ?. മനുഷ്യന്‍റെ അറിവ് അത്ര മഹത്തരമൊന്നുമല്ല. മനുഷ്യന്‍ അത്ര അഹങ്കരിക്കുകയും വേണ്ട.


No comments:

Post a Comment