സമൂഹത്തിലെ ഭൂരിഭാഗം ആള്‍ക്കാരും അംഗീകരിക്കുന്ന ഒരു വസ്തുത എന്ന പരിഗണനയില്‍ ഭക്തിക്ക് ഒരു മഹത്തായ സ്ഥാനവും , ഭക്തര്‍ (ദൈവ ഭക്തര്‍ ) എന്നാല്‍ മാന്യന്മാര്‍ ആയും കരുതിപ്പോരുന്നു. അവരവര്‍ക്ക് കാര്യസാധ്യത്തിനായി വഴിപാടും, ദൈവ പ്രീതിക്കായി പണം ചെലവഴിച്ച് നടത്തുന്ന പ്രത്യേക പൂജകളും മന:സുഖവും, സന്തോഷവും, സമാധാനവും ലഭ്യമാക്കപ്പെടുന്നു എന്നതാണ് ധാരണ.അന്തസുള്ള ജോലി ലഭിക്കാന്‍, ബിസിനസ്സില്‍ പുരോഗതിയുണ്ടാകാന്‍ അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങള്‍. ഇതൊക്കെയുള്ളവര്‍ക്ക് അതുക്കും മേലെ.അപ്പോള്‍ ഭൌതികമായ ആസക്തി തന്നെയല്ലേ ഇതിനു പിന്നില്‍.
ദൈവമാണ് ഇതെല്ലാം നടത്തിതരുന്നതെന്നും, അങ്ങനെയെങ്കില്‍ ആ ദൈവത്തെ പ്രീതിപ്പെടുത്തണമെന്നുള്ള ആദിമ മനുഷ്യ ചിന്തയില്‍ നിന്നുണ്ടായ ഭക്തി , പരമ്പരാഗതമായി വളര്‍ന്നു പന്തലിച്ച് ഇപ്പോള്‍ ഒരു അന്താരാഷ്ട്ര മാര്‍ക്കറ്റ് തന്നെയായി മാറിയിട്ടുണ്ട്.ഇതില്‍ നിന്ന് തന്നെയാണ് സമൂഹത്തില്‍ അഴിമതിയെന്ന ക്യാന്‍സര്‍ ഉടലെടുക്കുന്നതും. ഉദ്യോഗസ്ഥന്മാരെ പ്രീതിപ്പെടുതിയാലെ നമുക്കുവേണ്ടി അവര്‍ അവരുടെ ജോലി ചെയ്യുള്ളു എന്ന ചിന്ത വ്യാപരിക്കുന്നത് . അവിടെ കൈക്കൂലി എന്ന സാമൂഹ്യ യാഥാര്‍ത്ഥ്യം സൃഷ്ടിക്കപ്പെടുകയാണ്.
അപ്പോള്‍ ഇത്തരക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് നേരെ കൈകൂലിക്കാരന്‍, അഴിമതിക്കാരന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ പ്രയോഗിക്കാന്‍ അര്‍ഹതയില്ല. പക്ഷെ സമൂഹത്തില്‍ അത്രത്തോളം രൂഡമൂലമായ ഈ സത്യങ്ങള്‍ പ്രത്യക്ഷത്തില്‍ അനലൈസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.നാമോരോരുത്തരും ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതിന് ഉത്തരവാദി തന്നെയാണ്.
നമ്മുടെ സ്വാര്‍ത്ഥതയും, ആര്‍ത്തിയും തന്നെയാണ് ഭക്തി. അത് സമൂഹത്തില്‍ വേരോടിത്തുടങ്ങിയത് ഇന്നുമിന്നലെയുമോന്നുമല്ല. ആദിമ മനുഷ്യന്‍ പ്രകൃതി ശക്തികളെ ഭയത്തോടെയും , പിന്നെ ഭക്തിയോടെയും ഉപാസിച്ചു തുടങ്ങിയ കാലം മുതല്‍ പാരമ്പര്യമായി ആര്‍ജിച്ചു കിട്ടിയതാണ് . അത് ജീനുകളിലൂടെ പരിണമിച്ച് ആധുനിക മനുഷ്യനിലും പ്രകടമാണ്. പക്ഷെ ആധുനികമനുഷ്യന്‍ വളരെയധികം ബൌദ്ധികവും, ശാസ്ത്രീയമായും ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഏകദേശം എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ഏറെക്കുറെ അവന്‍ മനസിലാക്കിയിട്ടുണ്ട്. മറ്റുള്ളവ അവന്‍ ഇപ്പോഴും പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കികൊണ്ടിരിക്കുന്നു. ഒട്ടുമിക്ക പ്രാചീനമനുഷ്യ ചപലതകളും പരിണമിച്ച് അവന്‍ ആധുനികമാക്കിയിട്ടുണ്ട്. പക്ഷെ അവന്‍റെ തലച്ചോറില്‍ നിന്നും ഈ ഭക്തി മാത്രം അവന്‍ ഉപേക്ഷിച്ചില്ല, അല്ലെങ്കില്‍ സമൂഹം അതിനു അനുവദിക്കുന്നില്ല.
മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവയെപ്പോലെ തന്നെയാണ് ഭക്തിയും, പക്ഷെ ഒരു വ്യത്യാസം ഇവര്‍ തമ്മില്‍ കലഹിക്കുന്നില്ല. അതിനുള്ളില്‍ വര്‍ഗീയമായി ചേരിതിരിവില്ല. പക്ഷെ ഭക്തിയില്‍ അതിന്റെ പാരമ്യതയില്‍ വര്‍ഗീയമായി ചേരികള്‍ സൃഷ്ടിക്കപ്പെടുന്നു. തങ്ങള്‍ ഉപാസിക്കുന്ന മൂര്‍ത്തിയുടെ പേരില്‍, പുലര്‍ത്തുന്ന ആചാര രീതിയുടെ പേരില്‍, ജാതി, മതം എന്നിങ്ങനെ പോകുന്നു ആ ചേരികള്‍. മനുഷ്യ സമൂഹത്തെ തന്നെ ഇത് കാര്‍ന്നു തിന്നുന്ന ഏറ്റവും വലിയ ലഹരി തന്നെയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് സംശയമില്ല.
വികസിത രാജ്യങ്ങളിലൊക്കെ തന്നെ അവരുടെ ചിന്താരീതികള്‍ മാറിതുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് മനസിലായി തുടങ്ങി ഇതൊന്നും ഇനിയും ചുമന്നു നടക്കേണ്ടതില്ലയെന്ന്‍. ഒരു രാജ്യം വികസിതമാകാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ആവശ്യം, അല്ലാതെ ഏതോ അജ്ഞാതമായ, പണ്ടെങ്ങോ , ഇരുണ്ട കാലഘട്ടത്തില്‍ ആരോ എഴുതിവച്ച എന്തിന്‍റെയോക്കെയോ പേരില്‍ പല ചേരികളിലായി വെറുപ്പും വിദ്വേഷവുമായി കഴിയുന്നത് എത്ര മണ്ടത്തരമാണ്. അവരൊക്കെ ശാസ്ത്രത്തിന്റെയും, സ്വതന്ത്ര ചിന്തയുടെയും ലോകം പടുത്തുയര്‍ത്തിക്കഴിഞ്ഞു.നമുക്ക് എത്ര കാലം വേണ്ടി വരും സ്വതന്ത്രമാകാന്‍.

No comments:
Post a Comment