ആകാശം എന്നും മനുഷ്യന് ഒരു വിസ്മയമായിരുന്നു. ഇന്നും നമുക്ക് മുന്‍പില്‍ ആകാശ വിസ്മയങ്ങള്‍ പലതുമുണ്ട്. പക്ഷെ ഇന്ന്‍ ആധുനിക മനുഷ്യൻ കുറെയൊക്കെ ശാസ്ത്രത്തിന്റെ സഹായത്തോടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന്‍ നമുക്കറിയാം നീലാകാശം എന്നത് ഒരു യാഥാര്‍ത്ഥ്യം അല്ല. പ്രകാശം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ് നീലാകാശം എന്ന പ്രതീതി തോന്നിപ്പിക്കുന്നതെന്ന്. അതുകൊണ്ട് തന്നെ പകല്‍ ആകാശം കുറെയൊക്കെ ഒരു അടഞ്ഞ വാതിലാണ് നമുക്ക് മുന്‍പില്‍. പക്ഷെ രാത്രി ആകാശം ഒരു തുറന്ന വാതില്‍ ആണ്. വിശാലമായ പ്രപഞ്ചത്തിന്റെ വാതില്‍ നമുക്ക് മുന്‍പില്‍ തുറന്നിട്ടിരിക്കുകയാണ്.
പക്ഷെ പ്രാചീന മനുഷ്യന്‍ ആകാശ പ്രതിഭാസങ്ങളെ ഭയത്തോടും, ഭക്തിയോടുമായിരുന്നു സമീപിച്ചിരുന്നത്. പക്ഷെ അവന്‍റെ നിരീക്ഷണങ്ങളിലൂടെ പലതും മനസിലാക്കി. കൃഷിയെ ആശ്രയിച്ചിരുന്ന കാലഘട്ടത്തില്‍ എന്ന് കൃഷി ഇറക്കണമെന്നും, എന്നാണ് അടുത്ത വേനല്‍, എന്ന് അടുത്ത മഴ പെയ്യുമെന്നുമൊക്കെ അവന്‍ ആകാശം നോക്കി മനസിലാക്കിയിരുന്നു. ഇന്ന് നമുക്ക് സമയം അറിയാന്‍ ക്ലോക്കും , കാലം അറിയാന്‍ കലണ്ടറും , ദിശ അറിയാന്‍ GPS ഉം ഉണ്ട്.അന്ന് ഇതിനെല്ലാം ആകാശം നോക്കി മനസിലാക്ക എന്നത് മാത്രമായിരുന്നു ആശ്രയം.
ആകാശത്ത് ചില പ്രത്യേക ഇടവേളകളില്‍ നക്ഷത്രങ്ങളും മറ്റുള്ളവയുടെയും സ്ഥാനങ്ങള്‍ കൃത്യമായി അവനു മനസിലാക്കാന്‍ കഴിഞ്ഞു. സുര്യനും ചന്ദ്രനും കൃത്യമായ ഇടവേളകളില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന പോലെ എല്ലാ ആകാശവസ്തുക്കളും ഇതുപോലെ അനുവര്‍ത്തിക്കുന്നുണ്ടെന്നും മനസിലാക്കി. അങ്ങനെ ആകാശത്തെ അവന്‍ 12 ഭാഗങ്ങളായി തിരിച്ചു. ഓരോ ഭാഗത്തെയും കൃത്യമായ നക്ഷത്രങ്ങളിലൂടെ അറിയാന്‍ പഠിച്ചു. ഇതിനെ ഒരു രാശി അല്ലെങ്കില്‍ ഒരു മാസം എന്ന് തിരിച്ചു. അങ്ങനെ ഓരോ ഭാഗങ്ങളും ഉദിച്ചു വരുന്നതും അസ്തമിക്കുന്നതും നോക്കി സമയം മനസിലാക്കാന്‍ പഠിച്ചു. ചന്ദ്രനും , സൂര്യനും ഈ ഭാഗങ്ങിലൂടെ സഞ്ചരിക്കാന്‍ എടുക്കുന്ന സമയം നോക്കി മാസങ്ങളും വര്‍ഷങ്ങളും കണക്കാക്കി. അങ്ങനെ മഴക്കാലവും, വേനല്‍ക്കാലവും അവനു കണക്കു കൂട്ടാന്‍ കഴിഞ്ഞു.
ചന്ദ്രനേയും, സൂര്യനെയും കൂടാതെ മറ്റ് ഗൃഹങ്ങളെയും അവനു മനസിലാക്കാന്‍ കഴിഞ്ഞു. ഒരു രാശിയില്‍ കൂടെ സഞ്ചരിച്ചു തിരിച്ചു അതെ രാശിയില്‍ വരാന്‍ 12 വര്‍ഷമെടുക്കുന്ന വ്യാഴം എന്ന ഗൃഹത്തെ തിരിച്ചറിഞ്ഞു. അത് പോലെ ചൊവ്വ, ബുധന്‍, ശുക്രന്‍, ശനി എന്നിങ്ങനെ കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്ന എല്ലാ ഗൃഹങ്ങളെയും മനസിലാകിയിരുന്നു. അവ എത്ര സമയമെടുത്ത് 12 രാശിയിലും കറങ്ങുന്നു എന്നിങ്ങനെ. അങ്ങനെയാണ് ഒരു വ്യാഴവട്ടം എന്നാല്‍ 12 വര്‍ഷം എന്ന ചൊല്ല് തന്നെ ഉണ്ടായത്. അത് പോലെ തന്നെ മറ്റ് നക്ഷത്രങ്ങളെ അപേക്ഷിച്ച് സ്ഥിരമായി നില്‍ക്കുന്ന ധ്രുവ നക്ഷത്രത്തെ നോക്കിയാണ് കപ്പല്‍ സഞ്ചാരികളും , അത് പോലെ ദീര്‍ഘദൂര യാത്രികരും ദിശ കണ്ടു പിടിച്ചിരുന്നത്. ചക്രവാളത്തില്‍ നിന്നും എത്ര ചരിഞ്ഞാണ് , അല്ലെങ്കില്‍ ഇതു കോണില്‍ ആണ് എന്ന്‍ നോക്കി ആ സ്ഥലത്തിന്റെ സ്ഥാനം കൃത്യമായി മനസിലാക്കിയിരുന്നു.
ഒരു കുട്ടി ജനിച്ചാല്‍ ജനിച്ച സമയത്തെ ആകാശ ഗോളങ്ങളുടെയും, നക്ഷത്രങ്ങളുടെയും സ്ഥാനം വരച്ചു വക്കുന്നു. അതിനു ശേഷം പിന്നീട് എപ്പോഴെങ്കിലും അത് നോക്കി അപ്പോഴത്തെ ആകാശം നോക്കി കുട്ടിക്ക് എത്ര വയസായി എന്ന് മനസിലാക്കുന്നു. അതായത് അന്ന് ഏതെങ്കിലും രാശി യില്‍ ഉള്ള ഗൃഹം ഇപ്പോള്‍ എവിടെയാണെന്ന് നോക്കി തീരുമാനിക്കുന്നു. ഇപ്പോള്‍ നമ്മള്‍ ആകാശം നോക്കുന്നത് എന്തെങ്കിലും കൌതുകം കൊണ്ടായിരിക്കും അല്ലെങ്കില്‍ ഒരു ഹോബി ആയിട്ടോ ഒക്കെ ആയിരിക്കും. പക്ഷെ പണ്ടത്തെ ആളുകള്‍ അവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ആകാശം നോക്കിയേ മതിയാകുവായിരുന്നു.


No comments:
Post a Comment